ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് ആഡംബര കാര്‍ വിഭാഗമായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയില്‍ അസംബ്ലിംഗ് ആരംഭിക്കും. തമിഴ്‌നാട്ടിലെ റാണിപേട്ടിലെ പുതിയ പ്ലാന്റിലാണ് പ്രീമിയം വാഹനങ്ങള്‍ കമ്പനി അസംബിള്‍ ചെയ്യുക.
പ്രതിവര്‍ഷം ജെഎല്‍ആറിന്റെ 30,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് ടാറ്റ മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നത്. റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവികളാണ് ഇവിടെ കൂട്ടിച്ചേര്‍ക്കുക. യുകെയിയും മറ്റും നിര്‍മിക്കുന്ന വാഹന ഘടകങ്ങളാണ് ഇവിടെ എത്തിച്ച് കൂട്ടിച്ചേര്‍ക്കുക. നിലവിലെ പുനെയിലെ ടാറ്റ മോട്ടേഴ്‌സ് യൂണിറ്റില്‍ ജെഎല്‍ആറിന്റെ അസംബ്ലിംഗ് പരിമിതമായ തോതില്‍ നടക്കുന്നുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ റാണിപേട്ടിലെ പ്ലാന്റിനായി 9,000 കോടി രൂപയാണ് ടാറ്റ മോട്ടോഴ്‌സ് നിക്ഷേപിക്കുകയെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഗ്രൂപ്പ് സിഎഫ്ഒ പിബി ബാലാജി പറഞ്ഞു.
അവിന്യ ബ്രാന്‍ഡിന് കീഴിലുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഭാവിയില്‍ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നതിനും സാധ്യതയുണ്ട്. ചില എന്‍ജിനീയറിംഗ് തടസങ്ങള്‍ മൂലം അവിന്യയുടെ ലോഞ്ച് 2026 ലേക്ക് ടാറ്റ മാറ്റിയിരിക്കുന്നു.
യുഎസ് താരിഫ് തിരിച്ചടി
ആഗോള വ്യാപാര പ്രതിസന്ധികള്‍ ജെഎല്‍ആര്‍ നേരിടുന്നുണ്ട്. യുകെയില്‍ നിന്നുള്ള വാഹനങ്ങളുടെഇറക്കുമതി തീരുവ 27.5% ആയി യുഎസ് ഉയര്‍ത്തിയിരിക്കുന്നു. ഇതിന് പഹിഹാരം കാണാന്‍ യുഎസില്‍ ഉല്‍പ്പാദനകേന്ദ്രം തുടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ കമ്പനി തള്ളിയിട്ടുണ്ട്. യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ വ്യാപാര അസ്ഥിരത കുറവുള്ള പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജെഎല്‍ആറിന്റെ തീരുമാനം.















