അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ മുഖ്യശിക്ഷക്കായിരുന്നു എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ റാവുജി എന്ന് വിളിക്കുന്ന പി. രാമഗോവിന്ദ റാവു. പതിനെട്ട് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. ഇന്ദിരയുടെ അടിയന്തരാവസ്ഥ അമ്പതാണ്ട് പിന്നുമ്പോൾ കറുത്ത ദിനങ്ങൾ ജനം ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുത്തു…..
‘ മട്ടാഞ്ചേരിയിൽ നിന്നുള്ള ഞങ്ങളുടെ സംഘം എറണാകുളം എസ്ആർവി സ്കൂളിന്റെ മുന്നിൽ എത്തിയപ്പോഴാണ് പന്ത്രണ്ടോളം പൊലീസ് ജീപ്പ് എത്തിയത്. ഇടിവണ്ടിയിലായിരുന്നു ഞങ്ങളെ നേരിടാൻ പൊലീസുകാർ എത്തിയത്. പൊലീസുകാർ അടിച്ചും നിലത്തിട്ട് ചവിട്ടിയും ഇടിവണ്ടിയിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്റെ ശിക്ഷക് ആയിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ആരാണ് ഞങ്ങളുടെ നേതാവ് എന്നാണ് അവർക്ക് അറിയേണ്ടത്. ആർ പ്രകാശ് ഞങ്ങൾ ഒറ്റ സ്വരത്തിൽ പറഞ്ഞു’, അന്നത്തേ അതേ ആവേശത്തിൽ തന്നെ റാവുജി ഓർത്തെടുത്തു.
‘ ഇവരെ വെറുതെ വിടരുതെന്നും സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ജീപ്പിൽ ഇട്ട് തന്നെ ചവിട്ടി മെതിക്കണമെന്നും പൊലീസുകാർക്ക് മുകളിൽ നിന്നും നിർദ്ദേശം വന്നിരുന്നു. ആംഡ് റിസർവ് പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നു ഇടിവണ്ടികൾ വന്നിരുന്നത്. ബൂട്ടിട്ട കാലുകൊണ്ട് തലയിലും മുഖത്തും അടക്കം ചവിട്ട് കിട്ടി. വണ്ടി നേരെ പോയത് എറണാകുളം കസബ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. അവിടെ വരുന്നതും പോകുന്നതുമായ എല്ലാം പൊലീസുകാരും ഞങ്ങളെ മർദ്ദിച്ചു.
രാത്രിയാകുമ്പോൾ കള്ളൻമാർ കിടക്കുന്ന റൂമിലാണ് ഞങ്ങളെ കൊണ്ടിട്ടത്. പാതിരാത്രിയിൽ പൊലീസുകാർ ലാത്തികൊണ്ട് ശരീരം മുഴുവൻ തല്ലിച്ചതച്ചു. ഇനി പ്രതിഷേധിക്കാൻ വരുമോ എന്ന് ചോദിച്ച് കൊണ്ട് കാൽ വെള്ളയിൽ ചൂരൽകൊണ്ടാണ് അടിച്ചു. ശാഖയിൽ നിന്നും കിട്ടിയ കായിക പരിശീലമാണ് ചെറുത്ത് നിൽക്കാൻ സഹായിച്ചത്, റാവുജി പറഞ്ഞു. ഒടുവിൽ രണ്ട് ദിവസം നീണ്ട കൊടിയ മർദ്ദനത്തിന് ശേഷം 20 വയസ്സിന് താഴെയുള്ളവരെ പറഞ്ഞുവിട്ടു.
18 വയസ്സ് മാത്രമായതിനാൽ റാവുജിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവരെ കേസ് ചാർജ് ചെയ്ത് ജയിലിൽ അടച്ചു. ഞങ്ങൾ രണ്ടും കൽപ്പിച്ചായിരുന്നു ശാഖയിൽ നിന്നും ഇറങ്ങിയത്. ചത്താൽ അവിടെ കിടന്ന് ചാവട്ടെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനമെടുത്തിരുന്നുവെന്നും പ്രായം തളർത്താത്ത ആവശേത്തോടെ പറഞ്ഞു. അടിയന്തരാവസ്ഥയെ രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും റാവുജി ആവശ്യപ്പെട്ടു.















