പസഫിക് സമുദ്രത്തില്‍ വെച്ച് തീപിടിച്ച ചരക്ക് കപ്പലായ മോര്‍ണിംഗ് മിഡാസ് 3000 കാറുകളുമായി അടിത്തട്ടിലേക്ക് മുങ്ങി. ചൈനയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കാറുകളുമായി പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തീപിടിച്ച കപ്പലിലെ 22 ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമം യുഎസ് കോസ്റ്റ് ഗാര്‍ഡും മറ്റും നടത്തി വരികയായിരുന്നു.
ദുരന്ത കാരണം ഇവികളോ?
ജൂണ്‍ മൂന്നിനാണ് അലാസ്‌കയിലെ അലൂഷ്യന്‍ ദ്വീപ് ശൃംഖലയ്‌ക്ക് സമീപത്തു വെച്ച് കപ്പലില്‍ തീ പടരുന്നത്. കപ്പലിലെ 3000 ചൈനീസ് നിര്‍മിത കാറുകളില്‍ 800 എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ആയിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്ന് ആദ്യം ഒരു വലിയ പുക ഉയരുന്നത് യുഎസ് കോസ്റ്റ് ഗാര്‍ഡ് പങ്കിട്ട ഫോട്ടോകളില്‍ കാണാം. ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം-അയോണ്‍ ബാറ്ററികള്‍ പൊതുവെ സുരക്ഷിതമാണെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഒരു തീപിടുത്തമാണോ കപ്പലില്‍ ഉണ്ടായതെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
600 അടി (183 മീറ്റര്‍) നീളമുള്ള കാര്‍/ട്രക്ക് കാരിയറായ മോര്‍ണിംഗ് മിഡാസ് 2006 ല്‍ നിര്‍മ്മിച്ച ലൈബീരിയന്‍ കപ്പലാണ്. 16,600 അടി താഴ്ചയിലേക്കാണ് കപ്പല്‍ മുങ്ങിയിരിക്കുന്നത്. കപ്പലും കാറുകളും ഇനി വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.















