ന്യൂഡൽഹി: ജനാധിപത്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളെ ഇന്ത്യൻ ജനത എന്നും ചെറുത്തിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് മൊറാദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യമാണ് രാഷ്‌ട്രത്തിന്റെ അടിത്തറ. അതിനെ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങൾ അതിനെ ശക്തമായി ചെറുത്തിട്ടുണ്ട്. ഭരണഘടനയുടെ പ്രചോദനത്തിലാണ് ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുന്നത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഈ യാത്രയിൽ ജനാധിപത്യവും ഭരണഘടനയും രാജ്യത്തെ ശക്തമായി നിലനിർത്തുന്നുവെന്നും” ഓംബിർള പറഞ്ഞു.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി. ജനാധിപത്യത്തിന്റെ ഏറ്റവും ഇരുണ്ടകാലത്തെ കുറിച്ച് രാജ്യത്തെ പൗരന്മാരെ ഓർമിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രഥമലക്ഷ്യം.
കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ അതത് സംസ്ഥാനങ്ങളിൽ പൊതുമാർച്ചുകൾ, സെമിനാറുകൾ, സോഷ്യൽമീഡിയ കാമ്പെയിനുകൾ എന്നിവ സംഘടിപ്പിച്ചു. അടിയന്തരാവസ്ഥാ കാലത്തുണ്ടായ പ്രശ്നങ്ങളെ കുറിച്ചും സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെ കുറിച്ചും യുവതലമുറയെ അറിയിക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും നടന്നു.