പത്തനംതിട്ട: എസ്ഡിപിഐ സ്ഥാപകദിനത്തിൽ ആന്റോ ആന്റണി എംപിക്ക് മധുരം നൽകി സന്തോഷം പങ്കിട്ട് നേതാക്കൾ. ലഡു നൽകി സന്തോഷം പങ്കുവയ്‌ക്കുന്ന വീഡിയോ എസ്ഡിപിഐ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ 21 നായിരുന്നു എസ്ഡിപിഐ സ്ഥാപകദിനം. ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദും മറ്റ് ഭാരവാഹികളും ആന്റോ ആന്റണി എംപിയുടെ പത്തനംതിട്ടയിലെ ഓഫീസിൽ നേരിട്ടെത്തിയാണ് ‘പരസ്യമായി ബന്ധം’ ഊട്ടി ഉറപ്പിച്ചത്. വരുന്നതും ലഡു നൽകുന്നതും എസ്ഡിപിഐക്കാർ തന്നെ ഷൂട്ട് ചെയ്ത് റീൽസാക്കി പ്രചരിപ്പിച്ചിരുന്നു. പിന്നാലെ പ്രതികരണം ആരാഞ്ഞ മാദ്ധ്യമങ്ങളോട് “എസ്ഡിപിഐ ലഡു നൽകിയാൽ ഇനിയും സ്വീകരിക്കുമെന്ന് ആന്റോ ആന്റണി പറഞ്ഞു”. നിലമ്പൂരിലെ യു ഡി എഫ്- ജമാഅത്തെ ഇസ്‌ലാമി ബന്ധം വിവാദമായിരിക്കെയാണ് പുതിയ റീലും വിവാദവും ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് വർഗീയ കക്ഷികളുടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയിക്കുന്നതെന്ന ആരോപണം നാളുകളായി നിലനിൽക്കുന്നുണ്ട്. വയനാട് പ്രിയങ്ക വാദ്രയുടെ വൻ ഭൂരിപക്ഷം ഇതിന്റെ ശക്തമായ തെളിവാണ്. മുൻപ് മതമൗലികവാദികളുടെ വോട്ട് രഹസ്യമായാണ് യുഡിഎഫ് സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ ബാന്ധവം പരസ്യമായെന്ന വ്യത്യാസം മാത്രം. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടവും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വിജയിച്ചതും ഇതേ ഫോർമുല ഉപയോഗിച്ചാണ്.
എംപിയെന്ന നിലയിൽ ആന്റോ ആന്റണിയുടെയുടെ പ്രവർത്തനം ശരാശരിയിലും തീരെ താഴെയാണെന്ന് ആക്ഷേപം ശക്തമാണ്. അതിനാൽ പരമ്പരാഗതമായി കിട്ടിക്കൊണ്ടിരിക്കുന്ന പലവോട്ടുകളും ഇനി കിട്ടുമോ എന്ന സംശയവുമുണ്ട്. ഈരാറ്റുപേട്ട, പുഞ്ഞാർ മേഖലയിൽ തീവ്ര മുസ്ലീം വോട്ട് പൂർണ്ണമായും വശത്താക്കുകയാണ് ആന്റോ ആന്റണിയുടെ ലക്ഷ്യം. ഏതു വിധേനയും അടുത്ത തവണയും ജയിച്ച് കയറാനുള്ള നിലം ഒരുക്കുകയാണ് ആന്റോയെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ നൽകുന്ന വിവരം.















