തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ ജീവൻരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ശ്വസനവും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശ്രമിക്കുന്നതായും മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ വ്യക്തമാക്കുന്നു.
101-കാരനായ അച്യുതാനന്ദനെ കാർഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് നിരീക്ഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കവഡിയാറിലെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു മുതിർന്ന നേതാവ്.















