ഒരുസമയത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി അറിയപ്പെട്ടിരുന്ന താരമാണ് പൃഥ്വി ഷാ. കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിൽ നിന്നുമുള്ള താരത്തിന്റെ പതനവും വളരെപ്പെട്ടന്നായിരുന്നു. മുംബൈ രഞ്ജി ട്രോഫി ടീമിൽ നിന്ന് ഒഴിവാക്കിയതിനുപിന്നാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് അദ്ദേഹത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വരെ ലഭിച്ചു. 2025 ലെ ഐപിഎൽ ലേലത്തിലും പൃഥ്വി ഷായെ പരിഗണിച്ചിരുന്നില്ല.
ഫിറ്റ്നസിനെയും ജീവിത ശൈലിയെക്കുറിച്ചും ആരാധകരിൽ നിന്നും ക്രിക്കറ്റ് നിരീക്ഷകരിൽ നിന്നുമടക്കം പൃഥ്വി വളരെയധികം വിമർശനമേറ്റുവാങ്ങി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ 25 കാരനായ താരം തന്റെ കരിയറിലുണ്ടായ തകർച്ചയുടെ കാരണങ്ങൾ വെളിപ്പെടുത്തി. ചില തെറ്റായ സുഹൃദ്ബന്ധങ്ങളിൽ പെട്ടതോടെ ക്രിക്കറ്റിന് നൽകിയ പ്രാധാന്യം കുറഞ്ഞുവെന്ന് പൃഥ്വി പറഞ്ഞു.
“ജീവിതത്തിൽ ചില തെറ്റായ തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. ക്രിക്കറ്റിന് വേണ്ടി കുറച്ച് സമയം മാത്രം ചെലവഴിച്ചതായി എനിക്ക് തോന്നുന്നു. 2023 വരെ എന്റെ ദിവസത്തിന്റെ പകുതിയോളം ഞാൻ ഗ്രൗണ്ടിൽ ചെലവഴിച്ചിരുന്നു. എന്നാൽ അതിനുശേഷം, തെറ്റായ കാര്യങ്ങൾക്ക് ഞാൻ പ്രാധാന്യം നൽകാൻ തുടങ്ങി. എനിക്ക് ചില തെറ്റായ സുഹൃത്തുക്കളെ ലഭിച്ചു. ഗ്രൗണ്ടിലെ എന്റെ സമയം 8 മണിക്കൂറിൽ നിന്ന് വെറും 4 മണിക്കൂറായി കുറഞ്ഞു,” പൃഥ്വി പറഞ്ഞു. ഏറെ പ്രിയപ്പെട്ട മുത്തച്ഛന്റെ മരണം മാനസികമായി തകർത്തെന്നും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നത് അച്ഛൻ മാത്രമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.















