ക്വിങ്‌ദാവോ: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പ്രതിരോധ മന്ത്രി രേഖയിൽ ഒപ്പോടാൻ വിസമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണം ഒഴിവാക്കി, പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണത്തെ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്താൻ ചൈനയും പാകിസ്ഥാനും ശ്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരട്ടത്താപ്പ് സാധ്യമല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ഷാങ്ഹായ് സഹകരണ സംഘടന ഇന്ത്യൻ പക്ഷത്ത് നിൽക്കേണ്ടത് പ്രധാനമാണെന്ന് രാജ് നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ യോഗത്തിന്റെ അവസാനം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാതെ സമ്മേളനം അവസാനിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി ഇന്നലെയും ഇന്നുമായി ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിങ്‌ദാവോയിലാണ് നടന്നത് . അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ ഉച്ചകോടിയിൽ പങ്കെടുത്തു.
സഹകരണത്തിലൂടെ രാജ്യങ്ങളുടെ സ്ഥിരത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2001 ൽ രൂപീകരിച്ച ഈ സംഘടനയിൽ ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നിവയുൾപ്പെടെ 10 അംഗങ്ങളാണുള്ളത്.















