മുംബൈ: പെട്രോളും സ്വര്‍ണവും മറ്റും പോലെ ഇനി വൈദ്യുതിയിലും ട്രേഡ് ചെയ്യാം. ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ട്രാക്റ്റുകള്‍ അടുത്ത 2-3 ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) അറിയിച്ചു. ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എന്‍എസ്ഇയില്‍ ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കരാറുകള്‍ പ്രവര്‍ത്തനക്ഷമമാകും.
പ്രതിമാസ കരാറുകള്‍ വര്‍ഷം മുഴുവനും ലഭ്യമാകും. എല്ലാ മാസത്തെയും ആദ്യ പ്രവൃത്തി ദിവസം ഇത് ആരംഭിച്ച് കരാര്‍ അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് കാലഹരണപ്പെടും.
6 മാസം ഇടപാട് ചാര്‍ജുകളില്ല
ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ ആറ് മാസത്തേക്ക് കരാറുകളുടെ വ്യാപാരത്തില്‍ ഇടപാട് ചാര്‍ജുകള്‍ ഒഴിവാക്കാനാണ് എക്‌സ്‌ചേഞ്ച് പദ്ധതിയിടുന്നതെന്ന് എന്‍എസ്ഇ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീറാം കൃഷ്ണന്‍ പറഞ്ഞു. പുതിയ ഉല്‍പ്പന്നത്തിന്റെ ട്രേഡിംഗിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനാണിത്.
ലോട്ട് സൈസ് 50 MWh
പ്രതിമാസ ഇലക്ട്രിസിറ്റി ഫ്യൂച്ചേഴ്‌സ് കരാറിന്റെ ലോട്ട് സൈസ് 50 MWh ആയിരിക്കും. ഇത് ഒരു കരാറിലെ 50,000 യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണ്. പരമാവധി ഓര്‍ഡര്‍ സൈസ് 2,500 MWh ആയിരിക്കും. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പവര്‍ എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, എച്ച്പിഎല്‍ ഇലക്ട്രിക് ആന്‍ഡ് പവര്‍ ലിമിറ്റഡ് എന്നീ മൂന്ന് എനര്‍ജി എക്‌സ്‌ചേഞ്ചുകളുടെ 30 ദിവസത്തെ വെയ്റ്റഡ് ശരാശരി സ്‌പോട്ട് വില കണക്കിലെടുത്താണ് വില തീരുമാനിക്കുക.
ഇന്ത്യയുടെ ലക്ഷ്യം
2047 നകം നെറ്റ്‌സീറോ എമിഷന്‍ അഥവാ പൂര്‍ണമായും സംശുദ്ധ വൈദ്യുതിയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യക്ക് ഗണ്യമായ നിക്ഷേപം ആവശ്യമാണ്. പ്രതിവര്‍ഷം 250 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഇതിനായി വേണ്ടിവരുമെന്ന് നിതി ആയോഗ് കണക്കാക്കുന്നു. 2030 ആകുമ്പോഴേക്കും സൗരോര്‍ജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ രാജ്യത്തിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50% ത്തിലധികം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.















