തിരുവനന്തപുരം: ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോക അയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വിഎൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ ഊർജ്ജിതമായി നടപ്പിൽവരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണ സജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
ശബരിമല തീർത്ഥാടകർക്കായി ഇടത്താവളങ്ങളിലും, ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ തന്നെ വിളിച്ചു ചേർക്കും. ഈ തീർത്ഥാടന കാലത്ത് ഭക്തർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീർത്ഥാടന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് മുൻപരിചയമുള്ള ഉദ്യോഗസ്ഥരുടെ സേവനങ്ങൾ പൂർണമായും ഉപയോഗിക്കുമെന്നും, തീർത്ഥാടന സമയത്ത് ശബരിമലയിൽ നിയോഗിക്കപ്പെടുന്ന എ.ഡി.എമ്മിന്റെ നിയമനം നേരത്തെയാക്കുന്നതിന് തീരുമാനം കൈക്കൊണ്ടുവെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പഭക്തർക്ക് വൈദ്യ സഹായം ഉറപ്പാക്കുന്നതിന് പെരിനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് വേണ്ട ആലോചനകൾ നടത്തും. ദേവസ്വം ബോർഡിന്റെ നടപടികളിൽ ഏകോപനം സാധ്യമാക്കുന്നതിനായി മന്ത്രിയും ദേവസ്വം സെക്രട്ടറിയും ബോർഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അടുത്തു തന്നെ ചേരുമെന്നും മെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
ശബരിമല തീർത്ഥാടകർക്ക് ഇൻഷ്വറസ് പരിരക്ഷ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച നിലയിൽ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ആരോഗ്യ കാരണങ്ങളാൽ അപകടം സംഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു നിധി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലാണ് നിർബന്ധിതമല്ലാത്ത ഒരു ചെറിയ ഫീസ് ഇടാക്കി നിധി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയത്തേക്ക് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമല്ലാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. മികവുറ്റ രീതിയിൽ തീർത്ഥാടനം സംഘടിപ്പിക്കുന്നതിനുള്ള മുന്നോരുക്കങ്ങളാണ് ബോർഡ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അതിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യോഗത്തിൽ എം.എൽ.എ മാരായ പ്രമോദ് നാരായണൻ, വാഴൂർ സോമൻ, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ ഡി ജി പി എസ് ശ്രീജിത്ത്, കോട്ടയം പത്തനംതിട്ട ജില്ലാ കളക്ടർമാർ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു















