ഡൽഹി: രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്‌ട്രീയ പാർട്ടികളെ (RUPP-Registered Unrecognized Political Parties) പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 2019നുശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിൽ പരാജയപ്പെടുകയും ഇത്തരം പാർട്ടികളുടെ ഓഫീസുകൾ എവിടെയും പ്രവർത്തിക്കുന്നുമില്ലാത്തതുമാണ് കാരണം. ഇവയെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ളവയാണ് ഈ 345 RUPP-കൾ.
നിലവിൽ ECI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 2800-ലധികം RUPP-കളിൽ, പല RUPP-കളും RUPP-യായി തുടരുന്നതിനാവശ്യമായ അവശ്യ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അത്തരം RUPP-കളെ തിരിച്ചറിയുന്നതിനായി ECI രാജ്യവ്യാപകമായി പരിശോധന നടത്തി. ഇതുവരെ അത്തരത്തിൽ 345 പാർട്ടികളാണുള്ളതെന്നു കണ്ടെത്തി. പട്ടികയിൽനിന്ന് തെറ്റായി പാർട്ടികൾ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, അതതു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരോട് അത്തരം RUPPകൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഈ പാർട്ടികൾക്ക്, ബന്ധപ്പെട്ട സിഇഒമാരുടെ മുന്നിൽ ഹിയറിങ്ങിന് അവസരം നൽകും. ഏതെങ്കിലും RUPP-യെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ ഭാഗത്തെ വ്യവസ്ഥകൾ പ്രകാരമാണു രാജ്യത്തെ രാഷ്‌ട്രീയ കക്ഷികൾ (ദേശീയ/സംസ്ഥാന/RUPP) ECI-യിൽ രജിസ്റ്റർ ചെയ്യുന്നത്. ഈ വ്യവസ്ഥപ്രകാരം, ഒരിക്കൽ രാഷ്‌ട്രീയ കക്ഷിയായി രജിസ്റ്റർ ചെയ്ത ഏതൊരു സംഘടനയ്‌ക്കും നികുതി ഇളവുകൾ പോലുള്ള ആനുകൂല്യങ്ങളും വിശേഷാവകാശങ്ങളും ലഭിക്കും.
രാഷ്‌ട്രീയ വ്യവസ്ഥ സംശുദ്ധമാക്കുന്നതിനുള്ള ഈ നടപടി, 2019നുശേഷം ലോക്‌സഭയിലേക്കോ, സംസ്ഥാനങ്ങളിലെയും കേന്ദ്രരണപ്രദേശങ്ങളിലെയും നിയമസഭകളിലേക്കോ, ഉപതെരഞ്ഞെടുപ്പുകളിലേക്കോ മത്സരിച്ചിട്ടില്ലാത്ത പാർട്ടികളെയും, ഭൗതികമായി പ്രവർത്തിക്കാത്ത പാർട്ടികളെയും പട്ടികയിൽനിന്ന് ഒഴിവാക്കുന്നതു ലക്ഷ്യമിട്ടാണ്.















