ഭുവനേശ്വർ: രഥയാത്രയ്‌ക്ക് തയാറെടുത്ത് പുരി ജഗന്നാഥക്ഷേത്രം. ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കുന്നതിനായി പുരി നഗരം ഒരുകിക്കഴിഞ്ഞു. കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രഥയാത്രയുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
വൈകുന്നേരം നാല് മണിക്കാണ് രഥയാത്ര ആരംഭിക്കുന്നത്. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ പുരി നഗരത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തർ ഇന്നലെ പുരിയിൽ എത്തി.
ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കേന്ദ്ര സായുധസേനകൾ ഉൾപ്പെടെ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ 275-ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഡ്രോണുകൾ, ഡോഗ് സ്ക്വാഡുകൾ, ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരും വിവിധയിടങ്ങളിലുണ്ട്.















