ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പെരുപ്പിച്ച് കാണിച്ചെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാൻ- ഇസ്രയേൽ വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യപ്രതികരണമാണിത്. ചാനൽ അഭിമുഖത്തിലാണ് ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസിന്റെ സമ്മർദ്ദങ്ങൾക്ക് ഇറാൻ ഒരിക്കലും വഴങ്ങികൊടുക്കില്ല. അമേരിക്കൻ പ്രസിഡന്റ് സംഭവങ്ങളെ കൂടുതൽ പെരുപ്പിച്ചുകാണിച്ചു. ഇറാന്റെ ആണവപദ്ധതി പിന്നോട്ടടിച്ചെന്ന ട്രംപിന്റെ വാദങ്ങൾ അലി ഖമേനി തള്ളിക്കളഞ്ഞു.
ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ആക്രമണങ്ങൾ വിനാശകരമാണെന്നാണ് ട്രംപിന്റെ വാദം. ഇറാന്റെ മിസൈൽ ആക്രമണം ഇസ്രയേലിനെ തകർച്ചയുടെ വക്കിലെത്തിച്ചെന്നും ഖമേനി വ്യക്തമാക്കി.
ഇറാന്റെ ഫോർഡോ യുറേനിയം ഉൾപ്പെടെയുള്ള പ്രധാന ആണവകേന്ദ്രങ്ങളാണ് യുഎസിന്റെ ബോംബാക്രമണത്തിൽ തകർന്നത്. എന്നാൽ, ആണവകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന യുറേനിയം നീക്കം ചെയ്തെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.















