കോഴിക്കോട് ജില്ലയിലെ ചാലിയത്ത് നൂതന വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും. ഇതിനുള്ള നിർദ്ദേശം വ്യോമസേന പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും അറബിക്കടലിലും നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിപുലമായ റഡാർ കേന്ദ്രം സജ്ജീകരിക്കുന്നത്.
നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിംഗിന്റെ (NIRDESH) കീഴിലുള്ള 40 ഏക്കർ ഭൂമിയാണ് റഡാർ കേന്ദ്രത്തിനായി ഏറ്റെടുക്കുക. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് നിർദ്ദേശ് എന്നതും നടപടിയുടെ വേഗം കൂട്ടും. ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് നിർദ്ദിഷ്ട ഭൂമി സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ നദിയും തെക്ക് കടലുണ്ടി നദിയും കിഴക്ക് കനൊലി കനാലും ഇതിന് ചുറ്റുമായി സ്ഥിതിചെയ്യുന്നു.
അത്യാധുനിക റഡാർ സംവിധാനത്തിന് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ കണ്ടെത്താൻ സാധിക്കും. തെക്കൻ വ്യോമാതിർത്തിയുടെ 360 ഡിഗ്രി കവറേജ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ നാഡി കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി (ഐഎസിസിഎസ്) സംയോജിച്ചാണ് റഡാർ കേന്ദ്രത്തിന്റെ പ്രവർത്തനം.
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യത്തെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ചൈന ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഇവിടെ ഒരു വ്യോമതാവളം നിർമിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇത്തരം ഒരു സാഹര്യം കൂടി കണക്കിലെടുത്താണ് കോഴിക്കോട്ടെ പുതിയ വ്യോമപ്രതിരോധ റഡാർ സംവിധാനം കേന്ദ്രസർക്കാരിന്റെ പരിഗണിനയിലുള്ളത്.















