തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മോഷണക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കെതിരെയാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. എസ് സി എസ്ടി കമ്മീഷന്റേതാണ് ഉത്തരവ്.
തെളിവില്ലാത്ത കേസായിട്ട് പോലും യുവതിയെ 20 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ ഇരുത്തിയെന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്. സ്റ്റേഷനിൽ വച്ച് ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനനഷ്ടത്തിനും പൊലീസുകാർക്കെതിരെ പരാതി നൽകാവുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
പരാതി ലഭിച്ചാൽ പേരുർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.















