ടിപ്പറിനെ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയ്‌ക്ക് ഒപ്പം സ്കൂളിലേക്ക് പോയ കുട്ടിയാണ് ടിപ്പറിന്റെ ടയർ കയറിയിറങ്ങി മരിച്ചത്. അമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദ് മേഡ്ചൽ ജില്ലയിലാണ് ദാരുണ സംഭവം.
പല്ലവി ഇന്റർനാഷണൽ സ്കൂളിന് സമീപത്തായിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ലോറിക്ക് സമീപത്തുകൂടിയാണ് ഇവർ വാഹനത്തെ മറികടക്കാൻ ശ്രമിച്ചത്. ഇതോടെ ടിപ്പർ സ്കൂട്ടറിൽ തട്ടുകയും കുട്ടി ടയറിന് അടിയിൽപെടുകയുമായിരുന്നു.
ഗീതാഞ്ജലി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച അഭിമൻഷു റെഡ്ഡി. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു ഇവരുടെ യാത്ര. തിരക്കേറിയ റോഡിലാണ് അപകടമുണ്ടായത്. ടിപ്പറിന്റെ ബ്ലൈൻഡ് സ്പോട്ടിലൂടെയാണ് ഇവർ ഓവർ ടേക്കിംഗിന് ശ്രമിച്ചത്. ഇതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസവും സംഘർഷവുമുണ്ടായി.















