പത്തനംതിട്ട: ഇടതു ട്രേഡ് യൂണിയനുകൾ ജൂലൈ 9 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന ഭരണാനുകൂല സർവീസ് സംഘടനകളുടെ ഭീഷണി അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു.
സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ലഭ്യമാകേണ്ട ശമ്പള പരിഷ്കരണം, ക്ഷാമബത്ത, ലീവ് സറണ്ടർ ഉൾപ്പെടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഇടതു ട്രേഡ് യൂണിയനുകൾ തയ്യാറാകുന്നില്ല. എന്നാൽ സംസ്ഥാന ജീവനക്കാരുമായി പുലബന്ധം പോലുമില്ലാത്ത വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാരിനെതിരെ ട്രേഡ് യൂണിയൻ നടത്തുന്ന രാഷ്‌ട്രീയപ്രേരിത പണിമുടക്കിലേയ്‌ക്ക് സർക്കാർ ജീവനക്കാരെ അനാവശ്യമായി വലിച്ചിഴക്കാനാണ് ഇടതു സംഘടനകൾ ശ്രമിക്കുന്നത്. ഭരണത്തിന്റെ പിൻബലത്തിൽ ഇവർ നടത്തുന്ന ഭീഷണിയും, പണിമുടക്ക് ആഹ്വാനവും ജീവനക്കാർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ബി. എം. എസ്. ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു. എൻ ജി ഒ സംഘ് സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി. സി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ, ജില്ലാ സെക്രട്ടറി എം. രാജേഷ്, എൻ റ്റി യു ജില്ലാ സെക്രട്ടറി വിഭൂത് നാരായണൻ, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുരേഷ്കുമാർ, ജില്ലാ പ്രസിഡന്റ് എം. കെ. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.
സർവീസിൽ നിന്നും വിരമിച്ച വിവിധ ഘടക സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് യാത്രയയപ്പും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി ആദരിച്ചു.















