മുംബൈ: 2025 ല്‍ മിക്ക ബിസിനസ് മേഖലകളിലും മുന്നേറ്റം ദൃശ്യമായെങ്കിലും ഓഹരി വിപണി നിക്ഷേപകരെ വലിയ തോതില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഐടി കമ്പനികള്‍. ഈ വര്‍ഷം ഇതുവരെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച മേഖലാ സൂചികയായി നിഫ്റ്റി ഐടി സൂചിക മാറിയിരിക്കുന്നു. 2025 ആരംഭിച്ച് ജൂണ്‍ 25 വരെ ഐടി സൂചിക 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇതേ കാലയളവില്‍ നിഫ്റ്റി50 സൂചിക 8 ശതമാനത്തിലധികം നേട്ടം കൈവരിച്ചു.
2025 ന്റെ ആദ്യ പകുതിയില്‍ മിക്ക പ്രധാന ഐടി ഓഹരികളുടെയും മൂല്യത്തില്‍ ഗണ്യമായ ഇടിവ് ഉണ്ടായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 16 ശതമാനം ഇടിവോടെ നഷ്ടത്തില്‍ മുന്നിലെത്തി. ഇന്‍ഫോസിസ് 14 ശതമാനത്തിലധികം ഇടിഞ്ഞു. വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും യഥാക്രമം 12 ശതമാനവും 10.5 ശതമാനവും ഇടിഞ്ഞു. പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് തുടങ്ങിയ ഇടത്തരം കമ്പനികള്‍ 6.4 ശതമാനവും 8 ശതമാനവും ഇടിഞ്ഞു. എല്‍ടിഐമൈന്‍ഡ്ട്രീ ഓഹരി മൂല്യം 4.5 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, എംഫസിസ്, കോഫോര്‍ജ് എന്നിവ താരതമ്യേന സ്ഥിരത പുലര്‍ത്തിയെങ്കിലും 1.5 ശതമാനം, 1.1 ശതമാനം, 0.7 ശതമാനം എന്നിങ്ങനെ നഷ്ടത്തില്‍ തന്നെയാണ്.
തകര്‍ച്ചയ്‌ക്ക് കാരണം
ഐടി മേഖലയുടെ ദുര്‍ബലമായ പ്രകടനത്തിന് നിരവധി കാരണങ്ങളുണ്ട്. ഐടി ഓഹരികളില്‍ നിന്ന് വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) വന്‍തോതില്‍ വിറ്റൊഴിയുന്നതാണ് ഇടിവിന് പ്രധാന കാരണം.യുഎസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍, പ്രധാന വിപണികളിലെ സാമ്പത്തിക മാന്ദ്യം, ഉയര്‍ന്ന പലിശനിരക്കുകള്‍ എന്നിവ അനിശ്ചിതത്വത്തിന് ആക്കം കൂട്ടുന്നു. യുഎസ് ക്ലയന്റുകള്‍ ബജറ്റുകളില്‍ വരുത്തിയ വെട്ടിക്കുറക്കലുകളാണ് ഇന്ത്യന്‍ ഐടി കമ്പനികളെ ബാധിക്കുന്ന മറ്റൊരു ഘടകം.
ഇടിയുന്ന വരുമാനം
ചില ഐടി കമ്പനികള്‍ക്ക് ചെലവ് നിയന്ത്രണങ്ങളിലൂടെ ലാഭം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും, വരുമാന വളര്‍ച്ച നിരാശാജനകമാണ്. എച്ച്‌സിഎല്‍ടെകിന്റെ ഒഴികെ നാലാം പാദ ഫലങ്ങള്‍ പൊതുവെ നിരാശാജനകമായിരുന്നു.
ഇത് അവസരം
2025 ല്‍ ഇതുവരെ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ഐടി ഓഹരികളിലെ ഈ തിരുത്തല്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ ദീര്‍ഘകാലത്തേക്ക് വാങ്ങാനുള്ള അവസരം നല്‍കുമെന്ന് ചില വിപണി വിദഗ്ധര്‍ വിശ്വസിക്കുന്നു. ആഗോള വളര്‍ച്ച സ്ഥിരത കൈവരിക്കുകയും ക്ലയന്റുകളുടെ ബജറ്റുകള്‍ മെച്ചപ്പെടുകയും ചെയ്താല്‍ നേട്ടമുണ്ടാകും.
എന്നിരുന്നാലും ക്ലയന്റ് ഡിമാന്‍ഡിലും മറ്റും വ്യക്തമായ വര്‍ധന ദൃശ്യമാകുന്നതുവരെ ജാഗ്രത തുടരാനാണ് നിര്‍ദേശം. ’12-18 മാസത്തെ കാഴ്ചപ്പാടോടെ തിരഞ്ഞെടുത്ത ഗുണനിലവാരമുള്ള ഐടി ഓഹരികളില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപങ്ങള്‍ പരിഗണിക്കാം,’ ഐസിഐസിഐ സെക്യൂരിറ്റീസിലെ വിദഗ്ധര്‍ പറയുന്നു.
അതേസമയം ആഗോള ബ്രോക്കറേജുകള്‍ സമ്മിശ്ര വീക്ഷണമാണ് പുലര്‍ത്തുന്നത്. അവരുടെ വീക്ഷണത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ജാഗ്രതയോടെ ശുഭാപ്തിവിശ്വാസമുള്ള നിലപാടാണ് സിഎല്‍എസ്എ നിലനിര്‍ത്തുന്നത്. വി ആകൃതിയിലുള്ള തിരിച്ചുവരവ് ഏജന്‍സി പ്രതീക്ഷിക്കുന്നുണ്ട്. ദീര്‍ഘകാല ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ മൂല്യനിര്‍ണ്ണയങ്ങള്‍ ആകര്‍ഷകമാണെന്ന് സിഎല്‍എസ്എ പറയുന്നു.
കുറച്ചുകൂടി പ്രതിരോധത്തിലൂന്നിയുള്ള നിലപാടാണ് മോര്‍ഗന്‍ സ്റ്റാന്‍ലിക്ക്. ഐടി കമ്പനികളുമായുള്ള ക്ലയന്റ് ഇടപാടുകള്‍ ദുര്‍ബലമാണെന്ന് ഏജന്‍സി പറയുന്നു. വരും പാദങ്ങളില്‍ വരുമാനം കുറഞ്ഞാല്‍ കൂടുതല്‍ തിരുത്തലുകള്‍ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും ഹ്രസ്വകാല റാലികളില്‍ ലാഭം ബുക്ക് ചെയ്യാന്‍ നിക്ഷേപകരെ മോര്‍ഗന്‍ സ്റ്റാന്‍ലി ഉപദേശിക്കുകയും ചെയ്യുന്നു. വളര്‍ച്ചാ പ്രവചനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐടി ഓഹരികള്‍ ഇപ്പോഴും വിലകുറഞ്ഞവയായി തോന്നുന്നില്ലെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നു.















