കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായ നിയമവിദ്യാർത്ഥിനിയുടെ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. മുഖ്യപ്രതിയായ മുൻ വിദ്യാർത്ഥിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മോണോജിത് മിശ്രയുടെ കാലുപിടിച്ച് കരഞ്ഞിട്ടും തന്നെ പോകാൻ അനുവദിച്ചില്ലെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും വിസമ്മതിച്ചപ്പോൾ പീഡന ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
സൗത്ത് കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനിയായ 24 കാരിയാണ് മുഖ്യപ്രതിയായ 31 കാരനായ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ ജനറൽ സെക്രട്ടറി മോണോജിത് മിശ്രയുടെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൂട്ടബലാത്സംഗത്തിന് ഇരയായത്.
മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിച്ചു.തുടർന്ന് കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളിൽ തടവിലാക്കി, ഒന്നാം വർഷ വിദ്യാർത്ഥിയായ 19 കാരനായ സായിബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖർജി എന്നീ രണ്ട് പേരുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി ആരോപിച്ചു.
” “ഞാൻ അയാളുടെ കാലിൽ വീണു കരഞ്ഞു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല. അവർ എന്നെ ബലമായി ഗാർഡ് റൂമിലേക്ക് കൊണ്ടുപോയി, അയാൾ ബലംപ്രയോഗിച്ച് എന്റെ വസ്ത്രം അഴിച്ചുമാറ്റി പീഡിപ്പിച്ചു,”അവർ പരാതിയിൽ വിവരിച്ചു. മുഖ്യപ്രതി തന്നെ ബലാത്സംഗം ചെയ്യുമ്പോൾ, മറ്റ് രണ്ടുപേർ നോക്കി നിൽക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു.
പരിഭ്രാന്തിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും ആരും സഹായിച്ചില്ല. കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ ഗാർഡും അപേക്ഷ ചെവിക്കൊണ്ടില്ല.”എന്നെ ബലാത്സംഗം ചെയ്യുമ്പോൾ എന്റെ രണ്ട് വീഡിയോകൾ അയാൾ റെക്കോർഡ് ചെയ്തു. സഹകരിച്ചില്ലെങ്കിൽ ഈ വീഡിയോകൾ എല്ലാവർക്കും കാണിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി,പോകാൻ ശ്രമിച്ചപ്പോൾ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാൻ ശ്രമിച്ചു, യുവതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ മുൻ വിദ്യാർത്ഥിയായ മോണോജിത് മിശ്ര (31), നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) സൗത്ത് കൊൽക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയാണ്. ഒന്നാം വർഷ വിദ്യാർത്ഥിയായ സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. മൂവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് അതിജീവിതയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തി, സാക്ഷി മൊഴികൾ പരിശോധിച്ചു, ഫോറൻസിക് പരിശോധനയ്‌ക്കായി സംഭവസ്ഥലത്ത് സുരക്ഷ ഏർപ്പെടുത്തി.