തിരുവനന്തപുരം: മതമൗലികവാദികൾക്കു എന്തും ചെയ്യാവുന്ന നാടായി കേരളം മാറുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പി ക്കുന്നതിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
” ഗോവിന്ദൻ മാസ്റ്റർ മയപ്പെട്ടു തുടങ്ങി. പ്രതിപക്ഷത്തെ മേജർമാരും ക്യാപ്റ്റൻമാരും വായ തുറക്കാനും പോകുന്നില്ല. ഇന്ന് സുംബ ഡാൻസിനെ എതിർക്കുന്നവർ നാളെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരുന്ന് പഠിക്കരുതെന്നു പറയും. ഇത്തരം മതമൗലികവാദത്തോട് സിപിഎമ്മും കോൺഗ്രസും കാണിക്കുന്ന മൃദുസമീപനം ഈ നാടിനെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോവുക. സുംബ അടിച്ചേൽപ്പിക്കില്ലെന്നും എതിർക്കുന്നവരെ ബോധ്യപ്പെടുത്തുമെന്നുമാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. മതമൗലികവാദത്തോട് എന്തൊരു വിട്ടുവീഴ്ച. പിണറായിയിൽ ഇതര മതത്തിൽപെട്ട സുഹൃത്തിനോട് മിണ്ടിയതിനു ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന മുസ്ലിം യുവതിയുടെ അനുഭവം നമ്മുടെ മുൻപിലുണ്ട്. അന്നും പ്രതികരിക്കാൻ ഒരു കപട മതേതര പുരോഗമന പ്രസ്ഥാനങ്ങളും തയ്യാറായില്ല. മതമൗലികവാദികൾക്കു എന്തും ചെയ്യാവുന്ന നാടായി കേരളം മാറുകയാണ്”, കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സൂംബ മതബോധത്തിന് എതിരാണെന്നും ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഡാൻസ് കളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകളുടെ വാദം. ഇതിന് പിന്നാലെ സൂംബ അടിച്ചേൽപ്പിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ പ്രതികരണം. സാധാരണയായി മുസ്ലീം വിഭാഗങ്ങളുടെ എതിർപ്പുണ്ടായാൽ തീരുമാനത്തിൽ നിന്നും മലക്കം മറയുന്നതാണ് ഇടത് സർക്കാരിന്റെ പതിവ്. സൂംബ ഡാൻസിന്റെ കാര്യത്തിലും ഇത് തന്നെ ആവർത്തിക്കുമെന്നാണ് എം. വി ഗോവിന്ദന്റെ പ്രതികരണം വ്യക്തമാക്കുന്നത്.