മഹാദേവന്റെ ഭക്തർ സംഗമിക്കുന്ന പുണ്യനാളുകളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവദിനങ്ങൾ. നിരവധി വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൊണ്ട് സമ്പന്നമാണ് കൊട്ടിയൂർ ക്ഷേത്രം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും ധാരാളം ഭക്തരാണ് ഒഴുകിയെത്തുന്നത്.
കൊട്ടിയൂർ മഹോത്സവ നാളുകളിൽ മകം കഴിഞ്ഞാൽ ഒരുപാട് കേൾക്കുന്ന പേരാണ് നങ്ങ്യാരമ്മ. മകം കഴിഞ്ഞ് സ്ത്രീകൾക്ക് പ്രവശനമില്ലാത്ത ഇടത്തിൽ മഹാദേവനെ കാണാനും പൂജിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് നങ്ങ്യാരമ്മ. നമ്പ്യാർ സ്ത്രീകളെയാണ് നങ്ങ്യാരമ്മയെന്ന് വിളിക്കുന്നത്. നങ്ങ്യാരമ്മ ആയതിനെ കുറിച്ച് മനസുതുറക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ രമാദേവി.
“അഞ്ച് കൊല്ലമായി ഞാൻ ഇവിടെയുണ്ട്. മറ്റ് സ്ത്രീകൾ പ്രവേശിക്കാത്ത സമയത്ത് മഹാദേവനെ കാണാനും പൂജിക്കാനും സാധിക്കുന്നത് വലിയ ഭാഗ്യമാണ്. കുടുംബ പാരമ്പരമായി തന്നെ അമ്മയും അമ്മുമ്മയുമൊക്കെ നങ്ങ്യാരമ്മയായി ഇവിടെ എത്താറുണ്ട്. അങ്ങനെ കിട്ടിയ ഭാഗ്യമാണിത്.
കൂത്തിന് അരങ്ങത്തിരുന്ന് ശ്ലോകം ചൊല്ലും. ഓരോ കഥകൾക്കനുസരിച്ചാണ് ശ്ലോകം ചൊല്ലുന്നത്. മകം കഴിഞ്ഞാൽ പിന്നീട് പുറത്തേക്ക് പോകാൻ കഴിയില്ല. പുറത്തെ കാര്യങ്ങളെ കുറിച്ചൊന്നും അറിയാനാവില്ല. പൊതുവെ ശാന്തമായ അന്തരീഷമായിരിക്കും.
കൊറോണയുടെ സമയത്താണ് ആദ്യമായി ഞാൻ ഇവിടേക്ക് വരുന്നത്. അമ്മയ്‌ക്ക് വരാൻ കഴിയാത്തതുകൊണ്ട്, കൂത്ത് മുടങ്ങാൻ പാടില്ലാത്തതിനാൽ വന്നതാണ്. കുടുംബത്തെ വിട്ടിട്ട് ഒരു മാസക്കാലം വന്നുനിൽക്കണം. അക്കാലത്ത് അതിന് കഴിഞ്ഞിരുന്നില്ല. നങ്ങ്യാരമ്മമാർ വന്ന് ഒരു ദിവസത്തെ കൂത്ത് കഴിക്കണമെന്ന ചട്ടമുണ്ട്. പ്രായപൂർത്തിയാകുന്ന എല്ലാ സ്ത്രീകളും നങ്ങ്യാർകൂത്ത് പഠിക്കണമെന്നാണ് വിശ്വാസമെന്നും രമാദേവി പറഞ്ഞു.















