ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തച്ചുടച്ച ഭീകരതവളങ്ങളും ഭീകര പരിശീലന കേന്ദ്രങ്ങളും സർക്കാർ ചെലവിൽ പുനർനിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തകർന്ന ഭീകര താവളങ്ങൾ പുനർനിർമ്മിക്കാൻ സർക്കാരിന്റെ പിന്തുണയിൽ പാകിസ്ഥാൻ സൈന്യത്തിന്റെയും ചാര ഏജൻസിയായ ഐഎസ്‌ഐയുടെയും ഏകോപിത ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.
രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ശത്രുക്കളുടെ കണ്ണിൽപ്പെടാത്ത രീതിയിൽ നിയന്ത്രണ രേഖയിലെ ഇടതൂർന്ന വനപ്രദേശങ്ങളിൽ ചെറിയ ഹൈടെക് ഭീകര കേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ.
ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ദി റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈനികർ നശിപ്പിച്ചിരുന്നു. ലൂണി, പുത്വാൾ, ടിപ്പു പോസ്റ്റ്, ജാമിൽ പോസ്റ്റ്, ഉമ്രാൻവാലി, ചപ്രാർ ഫോർവേഡ്, ഛോട്ടാ ചാക്ക്, ജംഗ്ലോറ തുടങ്ങിയ പ്രദേശങ്ങളിൽ മുമ്പ് നശിപ്പിക്കപ്പെട്ട ഭീകര ക്യാമ്പുകൾ പുനർനിർമ്മിക്കുന്നതായാണ് വിവരം.
തെർമൽ, റഡാർ, സാറ്റലൈറ്റ് സിഗ്നലുകൾ മറയ്‌ക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമ്മാണം. കെൽ, സർദി, ദുധ്‌നിയാൽ, അത്മുഖം, ജുറ, ലിപ, പച്ചിബാൻ, കഹുത, കോട്‌ലി, ഖുയിരട്ട, മന്ധർ, നികൈൽ, ചാമൻകോട്ട്, ജാൻകോട്ട് എന്നിവിടങ്ങളിൽ പുതിയ ഭീകര കേന്ദ്രങ്ങളും നിർമ്മിക്കുന്നുണ്ട്. ഡ്രോണുകളിൽ നിന്നും ഉപഗ്രഹ നിരീക്ഷണത്തിൽ നിന്നും മറഞ്ഞിരിക്കാൻ ദുർഘടമായ ഭൂപ്രകൃതിയും ഇടതൂർന്ന വനപ്രദേശങ്ങളുമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
വലിയ ഭീകര പരിശീലന ക്യാമ്പുകളെ ചെറിയ യൂണിറ്റുകളാക്കി വിഭജിക്കാനാണ് പദ്ധതി. ഇന്ത്യയുടെ വ്യോമാക്രമണവുമുണ്ടായാൽ ഒരു സ്ഥലത്ത് വലിയ തോതിൽ ഭീകരർ തമ്പടിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഈ നീക്കം. അടുത്തിടെ ബഹാവൽപൂരിൽ ജെയ്‌ഷെ, ലഷ്‌കർ, ഹിസ്ബുൾ മുജാഹിദീൻ, ടിആർഎഫ് എന്നിവയുടെ മുതിർന്ന കമാൻഡർമാരും ഐഎസ്‌ഐ ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു യോഗം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ ഭീകരക്യാമ്പുകൾ പുനർനിർമ്മിക്കാനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായാണ് സൂചന.