കൊളംബോ: രണ്ടാം ടെസ്റ്റിലെ ആധികാരിക വിജയത്തോടെ ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സിനും 78 റൺസിനുമായിരുന്നു ശ്രീലങ്കയുടെ വിജയം. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇടംകൈയ്യൻ സ്പിന്നർ പ്രബാത് ജയസൂര്യയുടെ പ്രകടനവും നിർണായകമായി
നാലാം ദിവസം കളി ആരംഭിച്ചപ്പോൾ ബംഗ്ലാദേശ് ആറ് വിക്കറ്റിന് 115 റൺസ് എന്ന നിലയിലായിരുന്നു. ശ്രീലങ്കയെ വീണ്ടും ബാറ്റിങ്ങിന് അയക്കാൻ 97 റൺസ് കൂടെ വേണമെന്നിരിക്കെ അവസാന നാല് വിക്കറ്റുകളിൽ മൂന്നെണ്ണം വീഴ്‌ത്തി പ്രബാത് ജയസൂര്യ ബംഗ്ലാദേശിന്റെ പതനം പൂർത്തിയാക്കി. ആദ്യ ഇന്നിംഗ്സിൽ 247 റൺസിന് പുറത്തായ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 133 റൺസിന് എല്ലാവരും പുറത്തായി. ആദ്യടെസ്റ്റ് സമനിലയിലായിരുന്നതിനാൽ രണ്ട് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപ്പണർ പാഥം നിസ്സങ്കയുടെ തകർപ്പൻ സെഞ്ച്വറിയും ദിനേശ് ചണ്ഡിമലിന്റെയും (93), കുശാൽ മെൻഡിസിന്റെയും (84) അർദ്ധ സെഞ്ച്വറികളുടെയും പിൻബലത്തിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 458 റൺസ് നേടിയിരുന്നു. പാഥം നിസ്സങ്കയാണ് കളിയിലെയും പരമ്പരയുടെയും താരം.















