ന്യൂഡൽഹി: കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. മമത ബാനർജി പ്രീണനരാഷ്‌ട്രീയം കളിക്കുകയാണെന്നും പശ്ചിമബംഗാളിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേസിൽ അതിവേഗം നടപടി സ്വീകരിക്കണമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബലാത്സംഗത്തെ കുറിച്ചുള്ള ടിഎംസി എംപി കല്യാൺ ബാനർജിയുടെ പരാമർശം ശക്തമായ പ്രതിഷേധത്തിന് വഴിവച്ചു.
സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും അക്രമണകാരികൾക്കെതിരെ പോരാടണമെന്നും നിർദേശിച്ചു. പരാമർശത്തിനെതിരെ ബിജെപി നേതാവ് ഭാരതി ഘോഷ് രംഗത്തെത്തി. കൊൽക്കത്തയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നും വിദ്യാർത്ഥിനികൾ സുരക്ഷിതരല്ലെന്നും ഭാരതി ഘോഷ് പറഞ്ഞു.
ആർജി കാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട് ഒരു വർഷം തികയുന്നതിന് മുമ്പാണ് വീണ്ടും കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.