കൊൽക്കത്ത: ലോകോളേജിലെ നിയമവിദ്യാർത്ഥിനിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിലുടനീളം നഖം കൊണ്ട് മുറിവേറ്റ പാടുകളാണ്. കഴുത്തിൽ രക്തം കട്ടപിടിച്ചിരിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ട്. ശരീരത്തിൽ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദ്ദിച്ച പാടുകളുമുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേരാണ് പ്രതികൾ. ഇവരെ സഹായിച്ച കോളേജ് ഗാർഡനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ഇയാൾ സ്ഥലത്തുണ്ടായിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഗാർഡിന്റെ സഹായത്തോടെയാണ് പ്രതികൾ അക്രമം നടത്തിയത്. ഗാർഡിന്റെ വിശ്രമമുറിയിൽ വച്ചാണ് അക്രമം നടന്നതെന്നും സിസിടിവിയിൽ വ്യക്തമാണ്.
പീഡനദൃശ്യങ്ങൾ പകർത്തി പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം, മുഖ്യപ്രതിയായ മനോജിത് മിശ്രയോടൊപ്പം നിൽക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിൽ ലോക്‌സഭാ എംപിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയും ഉൾപ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനാണ് ഇയാൾ. ഇതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തൃണമൂൽ നേതാക്കൾ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി വിമർശിച്ചു.















