ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ പീഡനപരാതിയുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് യുവതി.
മുഖ്യമന്ത്രിയുടെ ഓൺലൈൻ പരാതി പരിഹാര പോർട്ടലായ ഐജിആർഎസ് വഴിയാണ് യുവതി പരാതി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി യാഷ് ദയാലുമായി പ്രണയത്തിലാണെന്നും തന്നെ മാനസികമായും ശാരീരികമായും ചൂഷ്ണം ചെയ്തുവെന്നും യുവതി ആരോപിച്ചു. യുവതിയിൽ നിന്നും താരം പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
യാഷ് ദയാലിന് മറ്റൊരു സത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത് . മരുമകൾ എന്ന് പറഞ്ഞാണ് അയാളുടെ കുടുംബത്തിന് തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും നിരവധി യുവതികളെ യാഷ് ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. വനിതാ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.
ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.















