കൊൽക്കത്ത: ലോകോളേജിലെ നിയമവിദ്യാർത്ഥിനിയുടെ പീഡനക്കേസിൽ നിർണായക വിവരങ്ങൾ ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വിദ്യാർത്ഥിനിയെ ഗാർഡിന്റെ മുറിയിലേക്ക് ബലമായി കയറ്റുന്നതും പ്രതികളുടെയും ഗാർഡിന്റെയും നീക്കങ്ങളും സിസിടിവി ദൃശ്യത്തിൽ കാണാം. ദൃശ്യങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്.
പെൺകുട്ടിയുടെ ആരോപണങ്ങൾ തെളിയിക്കുന്നതാണ് ലഭിച്ച ദൃശ്യങ്ങൾ. വിദ്യാർത്ഥികളുടെ യൂണിയൻ മുറി, ശുചിമുറി, ഗാർഡിന്റെ മുറി എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥിനിയുടെ മുടി, ഹോക്കി സ്റ്റിക്ക്, കുപ്പികൾ തുടങ്ങിയ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. മൂന്ന് മുറികളിൽ നിന്നും അക്രമത്തിന്റെ തെളിവുകൾ ലഭിച്ചു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടത്തിയ വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമത്തിന്റെ നിരവധി തെളിവുകൾ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കുകളുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേറ്റ പാടുകളാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.















