ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് പേരെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. യുമനോത്രി ദേശീയപാതയ്‌ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പ് ഒലിച്ചുപോയി. 10 പേർ രക്ഷപ്പെട്ടു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കൂടുതൽ സേനാംഗങ്ങളെ അപകടമേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെയും ഇന്നലെയും ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.















