തിരുവനന്തപുരം: സ്കൂളുകളിൽ സുംബ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് സൂംബ ചെയ്ത് മറുപടി നൽകി സൂംബ അസോസിയേഷൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ സൂംബ ഫ്ലാഷ് മോബ് അരങ്ങേറി. വർക്കൗട്ടായോ വ്യായാമമായോ മാത്രം കാണേണ്ട സൂംബ ഡാൻസിനെതിരെ മുംസ്ലിം സംഘടനകൾ കൂട്ടത്തോടെ രംഗത്തെത്തിയതിന് പിന്നാലെയാണിത്.
സ്കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി ആരംഭിച്ച സൂംബ പരിശീലനം ശരിയായ സന്ദേശമല്ല നൽകുന്നതെന്നും വിദ്യാർത്ഥികളുടെ മൗലികാവകാശത്തിന് നേരെയുള്ള ലംഘനമാണെന്നുമായിരുന്നു മുസ്ലീം സംഘടനകളുടെ വിമർശനം. കൃത്യമായ പരിശീലനം ലഭിച്ചവരല്ല, ഇൻസ്ട്രക്ടർമാരെന്നും മറ്റ് ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നു. തുടർന്നാണ് അസോസിയേഷൻ ഒറ്റക്കെട്ടായി പ്രതിഷേധവുമായി എത്തിയത്.
ഈ അദ്ധ്യായന വർഷം മുതൽ സൂംബ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ നീക്കം. സ്കൂളിൽ സൂംബ പരിശീലിപ്പിക്കുന്നത് ധാർമികതയ്‌ക്ക് ചേരില്ലെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ലംഘനമാവും ഇതെന്നുമായിരുന്നു കൂടത്തായിയുടെ പ്രസ്താവന.
സമസ്ത യുവജന വിഭാഗം എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കുട്ടരും സൂംബയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു.















