എറണാകുളം: തിരുവനന്തപുരത്തെ കന്നിയമ്മാൾ കൊലപാതകക്കേസിൽ ഭർത്താവ് മാരിയപ്പനെ ജീവപര്യന്തം ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. മാരിയപ്പന്റെ മാനസികാരോഗ്യനില സംബന്ധിച്ച് മജിസ്ട്രേറ്റ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാനസികനില തൃപ്തികരമെങ്കിൽ സെഷൻസ് കോടതിലേക്ക് കേസ് വിട്ട് പുനർ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
2018-ൽ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചുകൊണ്ട് കേസിന്റെ വിചാരണ കീഴ്‌ക്കോടതി മാറ്റി വച്ചിരുന്നു. പിന്നീട് 2019-ൽ മാനസികാരോഗ്യ വിദഗ്ധന്റെ ആശുപത്രി വിടുതൽ റിപ്പോർട്ടിന്റെയും വിവരങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ വിചാരണ പുനരാരംഭിച്ചു. ഈ നടപടിയിൽ വിചാരണ കോടതിക്ക് തെറ്റ് പറ്റിയെന്നും മാനസിക അസ്വാസ്ഥ്യമുള്ള പ്രതിക്ക് ലഭിക്കേണ്ട ക്രിമിനൽ നടപടി ചട്ടത്തിലെ ഇളവുകൾ നിഷേധിക്കപ്പെട്ടുവെന്നും ഹൈക്കോടതി കണ്ടെത്തി.
നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ലാ വിചാരണ നടന്നതെന്നായിരുന്നു അഡ്വ.ഗോഡ്വിൻ ജോസഫ് മുഖേന പ്രതി നൽകിയ അപ്പീലിലെ വാദം. 2018 സെപ്റ്റംബര്‍ 23 -നാണ് സംശയത്തിന്റെ പേരിൽ തൂത്തുകുടി സ്വദേശിയായ കന്നിയമ്മാളിനെ ഭർത്താവ് മാരിയപ്പൻ വെട്ടിക്കൊലപ്പെടുത്തിയത്.















