അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ തോട്ടപ്പള്ളി പൊഴിമുഖത്തടിഞ്ഞത്.
പുന്നപ്ര പറവൂർ സെന്‍റ് ആന്‍റണീസ് ചാപ്പലിന്‍റെ തീരത്തുനിന്ന് പോയ പൊന്തുവള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് സ്റ്റീഫനെ കാണാതായത്. പുലി മുരുകൻ എന്ന വള്ളത്തിലെ തൊഴിലാളികളാണ് മ്യതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ പൊന്തു ഇറക്കുന്നതിനിടയിൽ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തുടർന്ന് സ്റ്റീഫനായി കോസ്റ്റ്ഗാർഡും മത്സ്യതൊഴിലാളികളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.















