തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിൽ സിപിഎമ്മിൽ കടുത്ത ഭിന്നത. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനാണ് സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നത്. റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളാണെന്നും നിയമനം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി. ജയരാജൻ പറഞ്ഞു.
‘ റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എഎസ്പി അൽപ്പദിവസത്തിന് ശേഷമാണ് വെടിവയ്പ്പ് നടന്നതും സഖാക്കൾ രക്തസാക്ഷിയായതും. ഇപ്പോൾ പുഷ്പനും രക്തസാക്ഷിയായി. മെറിറ്റ് തീരുമാനിക്കാൻ താൻ അധികാരത്തിന്റെ ഭാഗമല്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും’, ജയരാജൻ പ്രതികരിച്ചു.
എന്നാൽ പ്രതി സ്ഥാനത്ത് നിന്ന് കോടതി തന്നെ ഒഴിവാക്കിയ ആളാണ് റവാഡ ചന്ദ്രശേഖർ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ പ്രതികരണം. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോള്‍ റവാഡ ചന്ദ്രശേഖറിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. പ്രതി സ്ഥാനത്ത് നിന്ന് കോടതി തന്നെ ഒഴിവാക്കിയ ആളാണ്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലയിലെ കർഷക കുടുംബത്തിലാണ് റവാഡ ചന്ദ്രശേഖർ ജനിച്ചത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥമാണ്. തലശ്ശേരി എഎസ്പിയായാണ് തുടക്കം. കുത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെൻഷനിലായി. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും റെയ്ഞ്ച് ഡിഐജിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷം യുഎൻ ഡെപ്യൂട്ടേഷനിലായിരുന്നു. വിശിഷ്ട സേവനത്തിന് രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട് ഐബി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായി എത്തുന്നത്. പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള തീരുമാനം.
1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. മന്ത്രി എം വി രാഘവനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്‌ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിടുകയായിരുന്നു.















