ഹൈദരാബാദ്: കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ പൊള്ളലേറ്റു മരിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
ജോലി ചെയ്യുന്നതിനിടെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയിലെ തീപിടിത്തം പ്രദേശത്തേക്കും പടർന്നുപിടിച്ചു. ഇത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുകയായിരുന്നു. പ്രദേശവാസികളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണവും നടക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.















