തൃശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പ്രതി അനീഷയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തു. 2021 ൽ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, 2024ൽ രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട കാമുകൻ ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘം പരിശോധിച്ചത്.
ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. അസ്ഥികൾ ശാസ്ത്രീയ പരിശോധനകൾക്കായി കൊണ്ടുപോകും. ആദ്യ കൊലപാതകം വർഷങ്ങൾക്ക് മുൻപായതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മരണകാരണം കണ്ടെത്തുക വെല്ലുവിളിയാകും.
2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തിൽ കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി ആദ്യം മൊഴി നൽകിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് മൊഴി മാറ്റി. 2024 ഓഗസ്റ്റ് 29ന് ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയും ശ്വാസ മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയാണ് രണ്ടാം പ്രതി ഭവിൻ നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തുന്നത്.















