കൊച്ചി: സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മതപരമോ സാമുദായികമോ ആയ കാരണങ്ങളാൽ ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി എന്ന പേരിന്റെ തെറ്റ് എന്താണെന്ന് സെൻസർ ബോർഡ് പറയണം. സിനിമയുടെ പേര് നൽകാൻ സെൻസർ ബോർഡ് ഉത്തരവിടുന്നുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു കഥാപാത്രത്തിന്റെ പേര് എന്തിന് മാറ്റണം? ജാനകി എല്ലായിടത്തും സാധാരണയായി ഉപയോഗിക്കുന്ന പേരാണ്. എന്ത് മതപരമായ ഉദ്ദേശ്യമുണ്ടെന്നാണ് പറയുന്നത് ? സീത, ഗീത എന്നീ പേരുകളുള്ള സിനിമകൾ നമുക്കുണ്ട്. ജാനകി സീതയാണ്. മറ്റ് ആർക്കും പരാതിയില്ല. രാം ലഖൻ എന്ന പേരിൽ ഒരു സിനിമയുണ്ട്. ആർക്കും പരാതിയില്ല. ഇപ്പോൾ ജാനകിക്കെതിരെ ചില പരാതികൾ ഉയരുന്നു .ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ജാനകിയെന്ന പേര് എന്തുകൊണ്ട് ഉപയോഗിക്കാന്‍ കഴിയില്ലായെന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കഴിഞ്ഞ ദിവസവും ഹര്‍ജി പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. സിനിമയുടെ പ്രദർശനനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് അണിയറപ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.















