മുംബൈ: മുഗൾ ഭഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്ക് തിരിച്ചടി. ഇടക്കാല ആശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. ഔറംഗസേബിന്റെ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്മി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നായിരുന്നു ആവശ്യം.
അങ്ങനെയൊരു ഇളവ് നൽകാൻ കഴിയില്ലെന്നും ഒരു മാസത്തിന് ശേഷം അടുത്ത വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ട് അസ്മി നടത്തിയ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ശിവസേന എംപി നരേഷ് മാസ്‌കെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.
മറൈൻ ഡ്രൈവിൽ മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഔറംഗസേബിനെ പുകഴ്‌ത്തിക്കൊണ്ടുള്ള പരാമർശം. “ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യൻ അതിർത്തികൾ ബർമയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വ്യാപിച്ചു. ആളുകളുടെ വീടുകളിൽ സ്വർണമുണ്ടായിരുന്നു. അതാണ് ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിച്ചത്”- എന്നാണ് അസ്മി പറഞ്ഞത്.
ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും ഛത്രപതി സംഭാജി മഹാരാജിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത ഔറംഗസേബിനെ സമാജ് വാദി നേതാവ് പുകഴ്‌ത്തിയത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയായിരുന്നു.















