ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന വിവാദചിത്രത്തിൽ പരാമർശിക്കപ്പെട്ട വിഷയങ്ങൾ ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കേരളത്തിലെ മാദ്ധ്യമങ്ങൾ ഇതിനെ കുറിച്ച് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും പെൺമക്കളെ രക്ഷിക്കണമെങ്കിൽ ഈ വിഷയം ചർച്ചചെയ്യാൻ മാതാപിതാക്കൾ തയാറാകണമെന്നും രേഖ ഗുപ്ത പറഞ്ഞു. ഡൽഹിയിൽ നടന്ന ദി അൺടോൾഡ് കേരള സ്റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലെ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് നാടുകടത്തുന്നതിന്റെ തുറന്നുപറച്ചിലാണ് സുദീപ്തോ സെനിന്റെ കേരള സ്റ്റോറി. ഈ ചിത്രം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പെൺകുട്ടികൾക്കായി കൂടുതൽ പ്രദർശനങ്ങൾ സംഘടിപ്പിക്കണം.
മതത്തെയും സംസ്കാരത്തെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്. എന്നാൽ ഇടതുപക്ഷവും കോൺഗ്രസും ഇതിനെതിരെ ഒരക്ഷരം സംസാരിക്കുന്നില്ലെന്നും രേഖ ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രി, ബിജെപി എം പി സുധാൻഷു ത്രിവേദി, നിർമാതാവും സംവിധായകനുമായ വിപുൽ അമൃത് ലാൽ ഷാ എന്നിവർ ചേർന്നാണ് പുസ്തക പ്രകാശനം നിർവഹിച്ചത്.