ഡൽഹി: രാജ്യതലസ്ഥാനത്ത് 62 ലക്ഷം വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് കർശന നടപടി. വായു മലിനീകരണം കാരണം ദിവസങ്ങളോളം നഗരജീവിതം സ്തംഭിക്കുന്ന സ്ഥിതിയുണ്ട്. തുടർന്നാണ് അറ്റകൈ പ്രയോഗം .
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) -2024 റിപ്പോർട്ട് പ്രകാരം വായു മലീനികരണത്തിൽ 51 ശതമാനവും വാഹനങ്ങളുടെ സംഭാവനയാണ്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരമാണ് എൻസിആറിൽ ഇന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ 61,14,728 വാഹങ്ങൾ കാലപഴക്കം ചെന്നവയാണ് . ഹരിയാനയിൽ 27.5 ലക്ഷം, ഉത്തർപ്രദേശിൽ 12.69 ലക്ഷം, രാജസ്ഥാനിൽ 6.2 ലക്ഷവും പഴയ വാഹനങ്ങളുണ്ട്.
പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിച്ചാണ് വാഹനങ്ങൾ തിരിച്ചറിയുന്നത്. ഇതിലുടെ വാഹനം കണ്ടുകെട്ടുന്നതിനുള്ള നീക്കവും അധികൃതർ ആരംഭിക്കും.
കൂടാതെ നിരീക്ഷണത്തിനായി പെട്രോൾ പമ്പുകളിൽ പൊലീസ്, ട്രാഫിക് , മുനിസിപ്പൽ കോർപ്പറേഷൻ എന്നിവരുടെ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.















