വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ സുഹൃത്തും ബിസിനസ് പ്രമുഖനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം ഒരിടവേളക്ക് ശേഷം പൊട്ടിത്തെറിയിലേക്ക്. പരസ്പരം കടുത്ത പ്രസ്താവനകളുമായി പഴയ സുഹൃത്തുക്കള്‍ വീണ്ടും രംഗത്തെത്തി. ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡികള്‍ ഇലോണ്‍ മസ്‌കിന് ലഭിച്ചെന്ന് ട്രംപ് ആരോപിച്ചു. സബ്‌സിഡികള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ മസ്‌ക് തന്റെ കട അടച്ചുപൂട്ടി സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നെന്നും ട്രംപ് പരിഹസിച്ചു.
‘ചരിത്രത്തിലെ ഏതൊരു മനുഷ്യനേക്കാളും കൂടുതല്‍ സബ്‌സിഡി ഇലോണിന് ലഭിച്ചിരിക്കാം. സബ്‌സിഡികള്‍ ഇല്ലെങ്കില്‍ ഇലോണിന് കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമായിരുന്നു,’ ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്ലിനെതിരെ വീണ്ടും മസ്‌ക് വിമര്‍ശനം ഉന്നയിച്ചിരുന്നു. ബില്‍ മണ്ടത്തരമാണെന്നും അമേരിക്കയെ സംബന്ധിച്ച് വിനാശകരമാണെന്നും മസ്‌ക് പറഞ്ഞു. ബില്‍ വന്നാല്‍ യുഎസിന്റെ പൊതുകടം 5 ട്രില്യണ്‍ ഡോളര്‍ (427 ലക്ഷം കോടി രൂപ) കൂടി വര്‍ധിക്കും. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസായാല്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ താന്‍ പുതിയൊരു രാഷ്‌ട്രീയ സംഘടന ആരംഭിക്കുമെന്നും മസ്‌ക് പ്രസ്താവിച്ചു. ഇതിന് മറുപടിയായാണ് മസ്‌കിന്റെ ദക്ഷിണാഫ്രിക്ക ബന്ധം അടക്കം എടുത്തു പറഞ്ഞ് ട്രംപിന്റെ തിരിച്ചടി.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയുടെ സബ്‌സിഡി അവസാനിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ട്രംപും മസ്‌കും തമ്മില്‍ തെറ്റിയത്. എന്നാല്‍ മസ്‌ക് തന്നെ പ്രസിഡന്റായി പിന്തുണയ്‌ക്കുന്നതിന് വളരെ മുമ്പുതന്നെ, താന്‍ ഇലക്ട്രിക് വാഹന നിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന് ട്രംപ് പറയുന്നു. ‘എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്, പക്ഷേ എല്ലാവരും സ്വന്തമായി ഒന്ന് സ്വന്തമാക്കാന്‍ നിര്‍ബന്ധിതരാകരുത്,’ ട്രംപ് പറഞ്ഞു.















