ബംഗളൂരു: പൊതുവേദിയിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിവെച്ചു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി പരമേശ്വരയും രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇത് കർണാടക സർക്കാരിന് കനത്ത തിരിച്ചടിയായി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണ്.
തന്നെ മുഖ്യമന്ത്രി പൊതുവേദിയിൽ പരസ്യമായി അപമാനിച്ചു എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് അദ്ദേഹം രാജിക്കത്ത് തയ്യാറാക്കിയിട്ടുള്ളത്
”പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ പെരുമാറ്റം പരസ്യമായി അപമാനിക്കുന്നതായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അപമാനിക്കപ്പെട്ടത്. സ്വമേധയാ രാജിവെക്കുകയല്ലാതെ എനിക്ക് മുന്നിൽ മറ്റു വഴികളില്ല. ഇത് സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു”- രാജിക്കത്തിൽ ബരാമണി പറഞ്ഞു.
ഏപ്രിൽ 28ന് ബെലഗാവിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ യോഗത്തിനിടെ, ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നതിനാൽ ക്ഷുഭിതനായ സിദ്ധരാമയ്യ, ഡ്യൂട്ടിയിലുണ്ടായിരുന്ന നാരായണ ബരാമണിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അടിക്കാൻ കൈ ഉയർത്തിയതാണ് വിവാദത്തിന് കാരണമായത്. ഇവിടത്തെ എസ്പി ആരാണെന്ന് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥനെ വേദിയിലേക്ക് വിളിച്ചുവരുത്തിയ സിദ്ധരാമയ്യ അടിക്കാനോങ്ങുകയായിരുന്നു. ‘ഇവിടെ വാ, ആരാണ് എസ്പി, നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് ചോദിക്കുന്നതും അടിക്കാനോങ്ങുന്നതും വീഡിയോയിൽ വ്യക്തമായി കാണം. സിദ്ധരാമയ്യയുടെ നടപടി വ്യാപകമായി അപലപിക്കപ്പെട്ടു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ രാജ്യ വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ വേദിയിലേക്ക് പ്രതിഷേധവുമായെത്തി. പ്രവർത്തകരെ പൊലീസ് തടഞ്ഞെങ്കിലും സദസിലിരുന്ന് ഇവർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിച്ചു. ഇതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്.















