തിരുവനന്തപുരം: ഗവർണറെ ധിക്കരിച്ച് ഭരണഘടനയെ വെല്ലുവിളിച്ച കേരള സർവകലാശാല രജിസ്ട്രാറിനെ സസ്പെൻഡ് ചെയ്തത് ധാർമ്മികതയുടെ വിജയം ആണെന്നും ബഹുമാനപ്പെട്ട കേരള സർവകലാശാല വൈസ് ചാൻസറുടെ ധീരമായ നടപടി അത്യന്തം സ്വാഗതാർഹം ആണെന്നും ABRSM ന്റെ കേരള സർവകലാശാല യൂണിറ്റ്.
അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികം പ്രമാണിച്ച് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ചാൻസലർ കൂടിയായ ഗവർണറെ അപമാനിച്ച രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലറുടെ നടപടിയിലാണ് ABRSM കേരള സർവകലാശാല ഘടകം നിലപാട് വ്യക്തമാക്കിയത്.
പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദി കയ്യടക്കി സെനറ്റ് ഹാൾ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച രജിസ്ട്രാർ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയത്. അക്കാദമിക മികവ് പുലർത്തേണ്ട സർവ്വകലാശാലയെ രാഷ്‌ട്രീയ വിവാദങ്ങളുടെ വിളഭൂമിയാക്കി മാറ്റരുത് എന്നും ഡെപ്യൂട്ടേഷൻ മുഖേന കേരള സർവകലാശാല രജിസ്ട്രാറായി നിയമിതനായ ഡോ.അനിൽകുമാറിന്റെ നിയമനം നിയമപരമല്ലാത്തതിനാൽ പുനഃപരിശോധിക്കണമെന്നും ABRSM കേരള സർവകലാശാല ഘടകം ആവശ്യപ്പെട്ടു.















