തിരുവനന്തപുരം: ബ്രിട്ടന്റെ എഫ്-35ബി യുദ്ധവിമാനം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയിട്ട് 19 ദിവസം. ദിവസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ യുദ്ധവിമാനം പൊളിച്ചുമാറ്റനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ചരക്ക് വിമാനത്തിൽ കയറ്റി ഇവ ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരിക്കും മടക്കയാത്ര.
ജൂൺ 14 നാണ് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ലോകത്തിലെ ഏറ്റവും ചെലവേറിയതും നൂതനവുമായ യുദ്ധവിമാനങ്ങളിലൊന്നാണ് എഫ്-35. സിഐഎസ്എഫിന്റെ കർശന സുരക്ഷയിൽ വിമാനത്താവളത്തിലെ ബേ-4 ആണ് പാർക്ക് ചെയ്തിരിക്കുന്നത്. വിമാനം നന്നാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെ ബ്രിട്ടനിൽ നിന്നും 30 പേരടങ്ങുന്ന എഞ്ചിനിയറിംഗ് സംഘം അറ്റകുറ്റപ്പണിക്കെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു, അവർ ഇതുവരെ എത്തിയിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ-യുകെ സംയുക്ത സൈനികാഭ്യാസപ്രകടനങ്ങളുടെ ഭാഗമായി ബ്രിട്ടന്റെ യുദ്ധക്കപ്പലിനൊപ്പമാണ് വിമാനം ഇന്ത്യയില്‍ എത്തിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് വിദേശരാജ്യത്തെ മണ്ണില്‍ എഫ് 35 ബി പോലുള്ള ആധുനിക വിമാനം ഇറങ്ങുന്നത്. എയര്‍ ഇന്ത്യയുടെ ഹാംഗര്‍ (മേല്‍ക്കൂരയോടെയുളള വിശ്രമകേന്ദ്രം) വാഗ്ദാനം ചെയ്തെങ്കിലും ബ്രിട്ടൻ നിരസിച്ചിരുന്നു. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് വിമാനം നിർമാതാക്കൾ. ഏകദേശം 950 കോടി രൂപയാണ ഇതിന്റെ നിർമാണ ചെലവ്.















