തിരുവനന്തപുരം: കേരള സർവകലാശാലയെ സ്ഥിരം സമരകേന്ദ്രമാക്കി തകർക്കാനാണ് ഇടത് സംഘടനകൾ ശ്രമിക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവിച്ചു.
“ബാഹ്യശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി, ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ അംഗീകരിക്കില്ലെന്ന് വെല്ലുവിളിച്ച് സർവകലാശാലയുടെ സമാധാനാന്തരീക്ഷത്തെ തകർക്കാനാണ് ഇടത് സംഘടനകൾ ശ്രമിക്കുന്നത്. സർവകലാശാലയുടെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി എസ് എഫ് ഐ ക്കാരായ വിദ്യാർത്ഥികൾ സർവകലാശാലയ്‌ക്കുള്ളിൽ കടന്നത് അങ്ങേയറ്റം ഗൗരവമുള്ള സംഗതിയാണ്. ഈ കാര്യത്തിൽ പോലീസിന്റെ ഒത്തുകളി നടന്നിട്ടുണ്ടെന്ന് തന്നെ കരുതാം”. സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
“ഒരു വിഭാഗം ജീവനക്കാരും അധ്യാപകരും സർവകലാശാലയുടെ പ്രധാന കവാടം മണിക്കൂറുകളോളം ഉപരോധിച്ചത് വിവിധ സേവനങ്ങൾക്കായി സർവകലാശാലയിലെത്തിയ വിദ്യാർത്ഥികളെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. നിലവിൽ കേരള സർവകലാശാലുടെ വൈസ് ചാൻസലർ ചുമതല വഹിക്കുന്ന പ്രൊ. (ഡോ.) മോഹനൻ കുന്നുമ്മേൽ വിദേശത്ത് പോയ സാഹചര്യത്തിൽ രാജ്ഭവൻ പകരം ചാർജ് നൽകിയ ഡോ. സിസാ തോമസ് ചുമതലയേൽക്കാൻ വന്നപ്പോൾ പോലും സർവകലാശാലാ ആസ്ഥാനം സംഘർഷഭരിതമായിരുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന കേരള സർവകലാശാലയെ തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ഇടത് സംഘടനകൾ പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. ” സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.