ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡിൽ. അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ട്രിനിഡാഡിലെത്തിയത്. പിയാർക്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ട്രിനിഡാഡ് ഭരണകൂടം ഒരുക്കിയിരുന്നത്. ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളോടെയും ഭോജ്പുരി ഗാനങ്ങളോടെയുമാണ് മോദിയെ വരവേറ്റത്.
ട്രിനിഡാഡ് പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറാണ് മോദിയെ സ്വീകരിച്ചത്. ഭാരതത്തിന്റെ പരമ്പരാഗത വസ്ത്രമായ സാരി ധരിച്ചാണ് മോദിയെ സ്വീകരിക്കാൻ കമല പെർസാദ് വിമാനത്താവളത്തിൽ എത്തിയത്. നിരവധി കാബിനറ്റ് മന്ത്രിമാരും സെനറ്റർമാരും അദ്ദേഹത്തെ സ്വീകരിക്കാൻ സന്നിഹിതരായിരുന്നു. വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി ഏറെനേരം സംവദിച്ചു.
വിമാനത്താവളം മുതൽ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്ന ഹോട്ടൽ വരെ പ്രത്യേക സാംസ്കാരിക പരിപാടികൾ നടന്നു. റോഡരികിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹം ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് മോദിയെ സ്വീകരിച്ചു.















