ലക്നൗ: കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മിർസാമുറാദ് പ്രദേശത്താണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് യുവാവ് 22 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ധാബയിലെ ഒരു ലോഡ്ജിൽ കഴുത്ത് മുറിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയ്ത്. കോളേജിലേക്ക് പോയതായിരുന്നു പെൺകുട്ടി. എന്നാൽ കോളേജിൽ എത്തിയിരുന്നില്ല. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവാവിനെ ബന്ധുവീട്ടിൽ നിന്നും പൊലീസ് പിടികൂടി. പൊലീസിനെ കണ്ടതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പൊലീസിന്റെ തോക്ക് കൈക്കലാക്കാനും ശ്രമം നടന്നു. ഇതിനിടെ ഇയാളുടെ കാലിന് വെടിയേറ്റു. നിലവിൽ ചികിത്സയിലാണ് പ്രതി.
യുവതിയുടെ ഫോൺ കോൾ സിഗ്നലും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.