ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിനുമായി കൂടിക്കാഴ്ച നടത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇളയസഹോദരൻ കൂടിയായ ഖാലിദ് രാജകുമാരൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, വൈറ്റ് ഹൈസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായും ചർച്ച നടത്തിയതായാണ് വിവരം.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായാണ് സൗദി നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് നിർണായകമായിരിക്കും ഈ കൂടിക്കാഴ്ചയെന്നാണ് വിവരം.
ഗാസയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുക, ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുക തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ സമാധാന കരാറിൽ ഒപ്പുവയ്‌ക്കണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്.













