കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. ജപ്പാനിലെ ഒസാക്ക ആസ്ഥാനമായുള്ള നിയോ കോർപ്പറേഷനിലാണ് സംഭവം. ജോലിയിൽ മോശം പ്രകടനം കാഴ്ചവയ്‌ക്കുന്ന ജീവനക്കാരെ സ്വന്തം നഗ്നചിത്രങ്ങൾ എടുക്കാൻ നിർബന്ധിക്കുകയും സ്വകാര്യഭാഗങ്ങളിൽ വേദനിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോപണം.
കമ്പനിയുടെ തലപ്പത്തിരിക്കുന്ന ആളുകൾക്കെതിരെയാണ് പരാതി ഉയരുന്നത്. ഇലക്ട്രിക്, എനർജി സേവിംഗ് എക്വിപ്മെന്റ് വിൽക്കുന്നതിലും സ്ഥാപിക്കുന്നതിലും പ്രവർത്തിക്കുന്ന കമ്പനിയാണിത്. മുൻ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു ദിവസത്തിനുള്ളിൽ ടാർഗറ്റിൽ എത്തിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ എടുക്കാൻ മാനേജർ ജീവനക്കാരെ നിർബന്ധിച്ചിരുന്നു. മാത്രമല്ല, ഈ ചിത്രങ്ങൾ മറ്റ് ജീവനക്കാർക്ക് അയച്ചുകൊടുക്കാനും നിർബന്ധിപ്പിച്ചിരുന്നു.
മാനേജരുടെ പ്രവർത്തിക്കെതിരെ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ പരിഹസിക്കുകയാണ് ചെയ്തത്. മാനേജർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇത് കാരണം തനിക്ക് വിഷാദരോഗമുണ്ടായിയെന്നും പരാതിക്കാർ ആരോപിച്ചു.
മാനസികമായി അധിക്ഷേപിക്കൽ, അധികസമയം ജോലിയെടുപ്പിക്കൽ, പരിഹാസം തുടങ്ങിയവയെല്ലാം നേരിട്ടിരുന്നതായും ജീവനക്കാരുടെ പരാതിയിൽ പറയുന്നുണ്ട്.















