ഷിംല: ഹിമാചൽപ്രദേശിൽ കനത്തമഴയിലും വെള്ളപ്പൊക്കത്തിലുംപെട്ട് മരിച്ചവരുടെ എണ്ണം 69 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. 37-ലധികം ആളുകളെ കാണാതായതായാണ് വിവരം.
ഷിംലയിലെ കുന്നുകളിലും മാണ്ഡിയിലെ താഴ്വരകളിലും ഉൾപ്പെടെ കനത്ത മഴയാണ്. ജൂലൈ ഒമ്പത് വരെ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി.
ഹിമാചൽപ്രദേശിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി മഴ ലഭിക്കുന്നുണ്ട്. ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയ ജില്ലയാണ് മാണ്ഡി. മാണ്ഡിയിൽ മാത്രം 14 പേർ മരിക്കുകയും 31 പേരെ കാണാതാവുകയും ചെയ്തു. ജില്ലയിലെ 246-ലധികം റോഡുകളാണ് തകർന്നത്.
നിരവധി ബഹുനില കെട്ടിടങ്ങളും കനത്ത മഴയിൽ തകർന്നു. വിവിധയിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മൊബൈൽ നെറ്റ് വർക്കുകളും നശിച്ചു. മാണ്ഡി, ഗോഹർ, കർസോഗ്, തുനാഗ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.















