അഹമ്മദാബാദ്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ യുവാവിന്റെ ആത്മഹത്യാഭീഷണി. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുമെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് യുവാവ് ഭീഷണി മുഴക്കിയത്. ആക്രമണം, കലാപം സൃഷ്ടിക്കൽ, ആയുധങ്ങൾ കൈവശം വയ്‌ക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതിയായ സഞ്ജയ് സിംഗാണ് ഭീഷണിയുയർത്തിയത്.
കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നുമുള്ള യുവാവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘമാണ് യുവാവിനെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയത്. ഇതിനിടെ സഞ്ജയ് ബാൽക്കണിയിലേക്ക് ചാടുകയായിരുന്നു.
ചാടിമരിക്കുമെന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയും സോഷ്യൽമീഡിയയിലൂടെ ലൈവ് ദൃശ്യങ്ങൾ പങ്കുവക്കുകയും ചെയ്തു. മൂന്ന് മണിക്കൂറിന് ശേഷം വളരെ തന്ത്രപരമായി യുവാവിനെ കീഴ്പ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്.















