കോട്ടയം: നാല് വർഷം കൊണ്ട് 63,000 കോടി രൂപ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകിയെന്നും അത് സംസ്ഥാനസർക്കാർ വകമാറ്റി ചെലവഴിച്ചുവെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കേന്ദ്ര ഫണ്ട് സംസ്ഥാനസർക്കാർ എന്ത് ചെയ്തെന്ന കാര്യത്തിൽ ധവളപത്രം കൊണ്ടുവരണമെന്നും കൃത്യമായ ഉത്തരം പറയണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തകർന്ന സംഭവത്തിൽ, ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നടന്ന പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“ചെറുവിരൽ അനക്കരുതെന്ന് നേതാക്കന്മാർ ആജ്ഞാപിച്ചാൽ ഓച്ചാനിച്ച് നിൽക്കുന്ന ആരോഗ്യവകുപ്പ് മന്ത്രിയാണ് വീണ. വണ്ടാനം മെഡിക്കൽ കോളേജിലെ അമ്മയും കുഞ്ഞും മരിച്ചു. എന്നിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കുകയോ രാജിവയ്‌ക്കുകയോ ചെയ്തോ. എന്നിട്ട് ഇന്നലെ ബോധക്ഷയം ഉണ്ടായിരിക്കുകയാണ്. അഭിനയമാണിത്. ഇത് സിനിമയല്ല. വീണ ജോർജ് ശരീരമനങ്ങി പ്രവർത്തിച്ചിട്ടില്ല. പാർട്ടിക്ക് വേണ്ടി ഒരു മുദ്രാവാക്യം വിളിച്ചിട്ടില്ല. ഒരു യോഗത്തിൽ സംസാരിക്കാൻ പോലും പോയിട്ടില്ല”.
“കാണ്ടാമൃഗത്തിന്റെ തൊലക്കട്ടിയാണ് വീണയ്‌ക്ക്. ഒരമ്മയുടെ മനസുണ്ടായിരുന്നെങ്കിൽ ഇന്നലെ രാജിവയ്‌ക്കുമായിരുന്നു. ഇത് നന്നായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നവർക്ക് ഇത് നൽകാൻ പറയുമായിരുന്നു. ബിന്ദുവിന്റെ മരണത്തിൽ ഒന്നാം പ്രതിയാണ് വീണ. എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടപടി സ്വീകരിക്കുന്നില്ല’.
മെഡിക്കൽ കോളേജിൽ വരുന്ന പാവപ്പെട്ടവർ ചികിത്സ കിട്ടാതെ പിടഞ്ഞുവീണ് മരിക്കുകയാണ്. ഇന്ന് രോഗമുള്ള ഒരാൾക്ക് എംആർഐ സ്കാനിംഗ് റിപ്പോർട്ട് കിട്ടുന്നത് ആറ് മാസം കഴിഞ്ഞാണ്. ഈ രീതി മാറ്റണം. ആരോഗ്യമേഖലയ്ക്ക് വേണ്ടി വിനിയോഗിക്കാനുള്ള പണം സംസ്ഥാനസർക്കാർ വെട്ടിക്കുറച്ചു. എന്നിട്ട് നിങ്ങൾക്ക് പനി വന്നാൽ, വയറുവേദന വന്നാൽ നിങ്ങൾ അമേരിക്കയിലേക്ക് പോകും. കേന്ദ്രത്തിന്റെ പണം ആരുടെ പോക്കറ്റിലേക്കാണ് പോയതെന്ന് അറിയണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.















